ഈ കഴിഞ്ഞ പാറമേക്കാവ് വേലയ്ക്കു വടക്കുംനാഥന്‍റെ സ്രീമൂലസ്ഥാനത്ത് വെച്ച് എന്‍റെ ക്യാമറയില്‍ ഒരു ചിത്രം പകര്‍ത്തുമ്പോള്‍ എന്‍റെ മനസ്സിന്‍റെ ഏതോ മൂലയില്‍ ഞാന്‍ കേട്ട ഒരു കാര്യമാണ് താഴെ എഴുതിയിരിക്കുന്നത്..
പലരും പറഞ്ഞു കേട്ടിട്ടുണ്ട്, "ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതും ഒരു തൃശ്ശൂർകാരനായി തന്നെ ജനിക്കണം" എന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഒരു തൃശ്ശൂർക്കാരനായില്ലെങ്കിലും വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തെ ഒരു ആലിലയായി ജനിച്ചാൽ, അത് തന്നെ വലിയ ഭാഗ്യം. ഇത് അമിതമായ ഭക്തികൊണ്ടൊന്നുമല്ല. വടക്കുംനാഥൻ തൃശ്ശൂർകാർക്ക് ഒരു ഈശ്വരസങ്കല്പത്തിനുമുപരി അവർണനീയമായ ഒരു വികാരമാണ്. അതവരുടെ ഓരോ ശ്വാസത്തിലും കാണും. 'മ്മടെ' ന്നൊരു തോന്നലാണത്.
ഒരു ശരാശരി തൃശ്ശൂർകാരന്റെ ഇഷ്ടങ്ങളെല്ലാം നടക്കുന്നത് വടക്കുംനാഥന്റെ മുറ്റത്താണ്. ശ്രീമൂലസ്ഥാനത്ത്.. അവിടത്തെ കാറ്റിൽ തത്തി കളിക്കുന്ന ഒരു നേർത്ത പടുത്തിരിഗന്ധവും ഓരോ ആഘോഷത്തിനും അണിനിരക്കുന്ന ഗജവീരന്മാരുടെ ആനചൂരും കൊട്ടി തിമിർക്കുന്ന പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും തുടങ്ങി തൃശ്ശിവപുരനിവാസികളെ എന്നും ഹരം കൊള്ളിക്കുന്ന അസുരവാദ്യങ്ങളും അങ്ങനെ ഞങ്ങളുടെ ഇഷ്ട ഗന്ധങ്ങളും ശബ്ദങ്ങളും കാഴ്ചകളുമൊക്കെ ചേരുന്നതാണ് ആ അന്തരീക്ഷം. ഏത് ആഘോഷത്തെയും ചെറുതായി ആഘോഷിക്കാൻ അറിയാത്ത ഒരു കൂട്ടർ ഒത്തുചേരുന്ന അന്തരീക്ഷം. എല്ലാ ആഘോഷങ്ങളും തങ്ങൾക്ക് ആവേശവും അഭിമാനവുമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടർ ഒത്തു ചേരുന്ന അന്തരീക്ഷം.
ആളൊഴിഞ്ഞ ഒരു ഉച്ചസമയത്ത് അവിടെ ചെന്നൊന്നു കണ്ണടച്ച് നിന്നാൽ എന്റെ പ്രിയപ്പെട്ട ഗന്ധങ്ങളും ശബ്ദങ്ങളും കാഴ്ചകളും എല്ലാം എനിക്ക് ചുറ്റും അലയടിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ആ ശ്രീമൂലസ്ഥാനത്തു എന്റെ പ്രിയപ്പെട്ട രസങ്ങൾ ശ്വസിച്ചും ശ്രവിച്ചും ദർശിച്ചും ഒടുവിലെപ്പോഴോ ആ ആൽത്തറയിലെ മണ്ണിൽ പൊഴിഞ്ഞു വീഴുന്ന ഒരു കുഞ്ഞു ആലില ജന്മമെടുക്കണം എനിക്ക്.
എന്നൊക്കെ പറഞ്ഞാലും, മനസ്സിൽ, നിരവധി മനുഷ്യ തലമുറകളോളം വിടർന്ന പന്തലിച്ചു ചില്ലകൾ പടർത്തി ഇലകളിളക്കി നിൽക്കുന്ന ആ ആൽമരം ആവണം എന്നാണു എന്റെ അത്യാഗ്രഹം. അതെ വെറും അത്യാഗ്രഹം. ആലോളം ആഗ്രഹിച്ചാൽ ആലിലയോളമെങ്കിലും കിട്ടിയാലോ... ശ്രീമൂലസ്ഥാനത്തെ ഒരു ആലില ജന്മം...
കൊള്ളാം.......
ReplyDelete