Welcome My Dear World…!!!

This blog is just an endeavor to pen and share some episodes of my life and some waves of thoughts that hit me. Please don’t mistake that you can study me as a whole in here. I’m sorry, for I too have many things to be kept reserved either within my family schema or within my psyche. But whatever that have been scribbled in this sunless sky is true. I promise.

All the inhabitants of Mother Earth are free to view this blog and post their critics, observations and suggestions.

Here mentations are drifting into a sunless sky...and I named it “Aphorisms”….Keep reading…

--Varun



Sunday, August 6, 2017

മുപ്പതു വർഷങ്ങൾക്കിപ്പുറം തൂവാനത്തുമ്പികൾ പെയ്യുമ്പോൾ....


തൂവാനത്തുമ്പികൾ ...

1987 ജൂലൈ 31ന് റിലീസ് ചെയ്തു മുപ്പത് വർഷം കഴിഞ്ഞിട്ടും ഇന്നും അതേ ആവേശത്തോടെ മലയാളി ചർച്ച ചെയ്‌യുകയും പ്രണയിക്കുകയും ചെയ്യുന്ന ഒരു ചലച്ചിത്രം ഉണ്ടെങ്കിൽ അത് തൂവാനത്തുമ്പികൾ മാത്രമായിരിക്കും...

ഓരോ വട്ടം ഈ സിനിമ കാണുമ്പോഴും ഓരോ പുതിയ അർത്ഥമാണ് എനിക്ക് മുന്നിൽ പപ്പേട്ടൻ എന്ന് ഞാനടക്കമുള്ള കേരളത്തിലെ സിനിമാ ഭ്രാന്തൻമാർ അളവറ്റ സ്നേഹത്തോടെ സംബോധന ചെയ്‌യുന്ന പി. പദ്മരാജൻ എന്ന മഹാരഥൻ പറഞ്ഞു തരുന്നത്. ഇതുപോലെ കാമ്പുള്ള കഥയും അതിൽ ആഴമേറിയ കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ പപ്പേട്ടനെപോലെ അധികമാർക്കും കഴിയില്ല. അദ്ദേഹത്തിന്റെ സിനിമയിലെ ഓരോ ഫ്രെയിമിലും ഒരു മുഴുനീള സിനിമക്കുള്ള സാധ്യതയുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ ചെറിയ കഥാപാത്രത്തിനും കാണികളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാൻ കഴിയുന്ന സ്വഭാവ സവിശേഷതകളാണ് അദ്ദേഹം നൽകാറുള്ളത്. അത് തങ്ങളായാലും, രാവുണ്ണി എന്ന അയൽക്കാരനായാലും, ഡേവിഡെട്ടൻ എന്ന ബാർ ജീവനക്കാരനായാലും, പൊറിഞ്ചുവേട്ടൻ എന്ന കാസിനോയിലെ ശരാബി ബാറിലേ ആ ചാരി ഇരിക്കുന്ന കുടിയനായാലും, ജയകൃഷ്ണന്റെ ചങ്ങാതിമാരായാലും നമ്മുടെ ഒക്കെ പരിചയക്കാരായി മാറുകയായിരുന്നു. ഇതിനുപുറമെ, പിൽക്കാലത്തു ഈ സിനിമയോട് കൂടുതൽ അടുക്കാൻ കാരണം തൃശ്ശൂർ എന്ന ഞങ്ങളുടെ ആ കൊച്ചുപട്ടണത്തിന്റെ സാന്നിധ്യമാണ്.

മോഹൻലാൽ എന്ന മഹാനടൻ ഇന്ന് വരെ അഭിനയിച്ച കഥാപാത്രങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മണ്ണാര്‍ത്തൊടിയിലെ ജയകൃഷ്ണനാണ്. വർണ്ണിക്കാനാണെങ്കിൽ അയാളുടെ സ്വഭാവ സവിശേഷതകളേറെയാണ് . ജയകൃഷ്ണന്റെ ബന്ധങ്ങളും നിർബന്ധങ്ങളും വാശികളും തമാശകളും ആത്മാർത്ഥതയും ലാളിത്യവും പ്രണയവും ഞാനടക്കമുള്ള ഒരുപാട് പേരെ സ്വാധീനിച്ച സ്വഭാവ സവിശേഷതകളാണ്. ഈ കഥാപാത്രത്തിന് ആക്കം കൂട്ടുന്നത്തിനു പപ്പേട്ടന്റെ ഒരു അവതരണ മികവും സഹായകമായിരുന്നു. തങ്ങൾ ഋഷിക്കും, രാധക്ക്‌ അവളുടെ സഹോദരനും പറഞ്ഞുകൊടുക്കുന്നതുമായ കഥകളിലൂടെ ഒട്ടും സമയം നഷ്ടപ്പെടുത്താതെ എഴുത്തുക്കാരൻ, ജയകൃഷ്ണന്റെ ഭൂതകാലം മനോഹരമായി വരച്ചു കാണിക്കുകയായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്ലോ മോഷൻ നടത്താമോ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെയോ ചൂടൻ സംഭാഷണങ്ങളുടെയോ പിന്ബലമില്ലാതെ 'ജയകൃഷ്ണൻ മണ്ണാർത്തൊടി' എന്ന ചെറുപ്പക്കാരൻ മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറവും യുവാക്കളുടെ ഹരമായി നിലനിൽക്കുകയാണ്. രാജപ്പൻ തെങ്ങുമൂട് പറഞ്ഞത് പോലെ, "സത്യത്തിൽ, ഇതല്ലേ ഹീറോയിസം".

ഇങ്ങനെ ജയകൃഷ്ണൻ സ്‌ക്രീനിൽ നിറഞ്ഞു തളിർത്തു കസറുമ്പോഴാണ് ഒരു മഴയും, ജോൺസൻ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും ഒത്തുചേർന്ന് ഒരു സ്ത്രീരൂപമെടുത്തപോലെ ക്ലാരയുടെ വരവ്. ഒരു പക്ഷെ മലയാള സിനിമ ചരിത്രത്തിൽ ഇന്നോളം കണ്ടതിൽ വെച്ച് ധൈര്യവും, ഇഛാശക്തിയും, സങ്കീർണതയും, സൗന്ദര്യവും, ശുദ്ധപ്രണയവും, ഒത്തുചേർന്ന മറ്റൊരു സ്ത്രീകഥാപാത്രം ഉണ്ടോ എന്ന് തന്നെ സംശയം. ക്ലാരക്ക് അമരത്വം നൽകാൻ സുമലതയുടെ മുഖവും അവതരണവുമല്ലാതെ മറ്റൊന്നുമില്ലെന്നു കണ്ടറിഞ്ഞ പപ്പേട്ടന്റെ സിനിമാബുദ്ധിക്കു മുന്നിൽ വീണ്ടും പ്രണമിക്കുന്നു. അന്നോളം കണ്ണീർനായികമാരെ കണ്ടു ശീലിച്ച മലയാളിക്ക് ദുഃഖം മറച്ചുവെച്ച്  ജീവിതത്തിൽ പടവെട്ടി നിൽക്കാനായി ഒരു മോശം വഴി സ്വയം തിരഞ്ഞെടുത്ത ക്ലാരയോട് പ്രണയത്തിലുപരി ആദരവാണ് തോന്നിയത്. 

ഇതിലെ പ്രണയവും കഥാപാത്രങ്ങളുടെ സങ്കീർണ സ്വഭാവങ്ങളും, പപ്പേട്ടന്റെ  തിരക്കഥയിലെ തേജോവലയവും, ആ മാസ്മര സംഗീതവും സിനിമ കണ്ടു കഴിഞ്ഞാലും നമ്മിൽ നിന്ന് വിട്ടുപോകാതെ നിൽക്കും. ജോൺസൻ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും ശ്രീകുമാരൻ തമ്പിയുടെ വരികളെ ഈണമാക്കിയ പെരുമ്പാവൂർ. ജി. രവീന്ദ്രനാഥിന്റെ സംഗീതവും സിനിമയിലെ അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ഓർമ വെച്ച നാൾ മുതൽ ഇന്നോളം കേട്ട സിനിമാഗാനങ്ങളിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട രണ്ടു പാട്ടുകളിൽ ഒന്ന് "ഒന്നാം രാഗം പാടി" ആണ്. മറ്റേതു ചെറുപ്പത്തിൽ അമ്മ എന്നെയും, ഇന്ന് എന്റെ മകനെയും ഉറക്കാൻ പാടുന്ന "അല്ലിയിളം പൂവോ" എന്ന ഗാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം മരണമില്ലാത്ത രണ്ടു പാട്ടുകൾ.. "ഒന്നാം രാഗം പാടി" എന്ന ഗാനം എന്നിൽ അലിഞ്ഞു ചേരാൻ പല്ലവിയിലെ വടക്കുംനാഥ സാനിധ്യം ചെറുതല്ലാത്ത ഒരു കാരണമായി.

തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രത്തെ പറ്റിയൊരു ലേഖനം എഴുതുമ്പോൾ, സുന്ദരമായ ആ അസൗകര്യത്തെ പറ്റി പറയാതിരിക്കാൻ വയ്യ - മഴ. കഥയുടെ പല സന്ദര്ഭങ്ങളുടെ ആഴവും വ്യാപ്തിയും കൂട്ടാൻ മഴയുടെ സാനിധ്യവും അസാന്നിധ്യവും ഏറെ സഹായിച്ചിട്ടുണ്ട്. തൂവാനത്തുമ്പികൾക്കു ശേഷം പ്രായഭേദമന്യേ മഴയെ പ്രണയത്തിന്റെ പ്രതിരൂപമായി കാണുന്ന കുറെ ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. മറ്റൊരർത്ഥത്തിൽ മഴ ഒരു കഥാപാത്രമായി മാറുകയായിരുന്നു. തിരക്കഥയിലെ മറ്റൊരു ഉജ്ജ്വലത.

ഈ ഘടകങ്ങൾ ഒത്തു ചേർന്നപ്പോൾ തൂവാനത്തുമ്പികൾ എന്ന സിനിമ മൂന്നു ദശകങ്ങൾക്കിപ്പുറവും ജരാനരകൾ ബാധിക്കാതെ ഇപ്പോഴും അതെ പുതുമയിൽ കാണികളിൽ ഇന്ദ്രജാലം നെയ്യുന്നു. 

ഈ പറഞ്ഞതിലെല്ലാമുപരി ഒരു രണ്ടു വയസ്സുകാരനായിരുന്ന എന്നെ ഒരു മോഹൻലാൽ ആരാധകനാക്കാനും ഒരു തൃശ്ശൂർക്കാരനായി ആഘോഷിക്കാനും അഭിമാനിക്കാനും ചെറുതായി അഹങ്കരിക്കാനും തൂവാനത്തുമ്പികൾ ഒരു കാരണമായി എന്ന് സമ്മതിക്കാതെ വയ്യ..

ചില സൃഷ്ടികൾ കലഹരണപ്പെടാതെ ഒരു നിത്യവസന്തമായി നിലകൊള്ളും.. മുപ്പതു വർഷങ്ങൾക്കിപ്പുറവും ഒരു മഴ കാണുമ്പോൾ ജോൺസൻ മാസ്റ്ററുടെ സംഗീതത്തോടൊപ്പം ക്ലാരയും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും മലയാളിയുടെ മനസ്സിലേക്ക് ഇന്നും പെയ്തിറങ്ങുന്നു.. തൂവാനത്തുമ്പികളായി....

3 comments:

  1. Replies
    1. 33 years passed , Feb 9 1986
      We watched this romantic movie together. Each scene and songs still fresh in mind, Every Actor did their role Well, & of course one and only one Padmarajan.....touch.
      well written Varun

      Delete