ആഘാഷങ്ങൾ ചെറുതായിട്ടും വിവേചനത്തോടെയും ആഘോഷിച് പരിചയമില്ലാത്ത നാട്ടിലുള്ള ഒരുത്തന്റെ മനസ്സിലെ മൈത്രി...
ഒരു വാരാന്ത്യം തൃശ്ശൂരിൽ എത്തിയ ശേഷം പതിവ് പോലെ റൗണ്ടോന്നു കറങ്ങാമെന്നു കരുതി ഇറങ്ങിയപ്പോൾ കണ്ടത് ഒരു പ്രമുഖ പാർട്ടിയുടെ സമ്മേളനത്തിനൊരുങ്ങി കേവലം ഒരു നിറത്തിൽ മുങ്ങി ശ്വാസമെടുക്കാനാവാത്തവണ്ണം നിൽക്കുന്ന തൃശ്ശൂരിനെയാണ്. ദേഷ്യത്തിലുപരി എനിക്കപ്പോൾ ആ തേക്കിൻകാടിനോട് തോന്നിയത് സങ്കടവും ലോകത്തു തന്നെ ഇത്രയും വൈവിധ്യമാർന്ന തൃശ്ശൂർ പൂരം നടക്കുന്ന ആ വടക്കുംനാഥന്റെ ക്ഷേത്ര മൈതാനതിനെ കേവലം ഒരു നിറത്തിലേക്ക് ചുരുക്കിയ രാഷ്ട്രീയക്കാരോട് പുച്ഛവുമാണ് .
സ്വന്തം നാട്ടിലെ പൂരവും വേലയും ക്ഷേതകലകളും മറ്റു മതാചാരങ്ങളുമെല്ലാം മനുഷ്യനെ ലോകത്തിന്റെ ഏതു കോണിലിരുന്നാലും അവനെ വാചാലനാക്കുന്ന, മനസ്സിനെ സ്വന്തം മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന വേരുകളാണ്. ഇത് ഒരു വർഷം പൂരത്തിന് മാത്രമായി തൃശ്ശൂരിൽ എത്തുന്ന പ്രവാസികളുടെ എണ്ണമെടുത്താൽ തന്നെ വ്യക്തമാവുന്നതാണ്. അങ്ങനെയുള്ള ഒരു സ്ഥലം. അവിടെ അന്ന്, വർഷത്തിലെ ആ പൂരദിവസം എത്തിച്ചേരുന്നവർക്കു പ്രയാബേദമന്യേ ഒരേ ആവേശമേയുള്ളു... പൂരാവേശം. മതത്തിനോ ജാതിക്കോ സാമ്പത്തികശേഷിക്കൊ പ്രശസ്തിക്കോ പ്രായത്തിനോ സ്ഥാനമില്ലാതാക്കി ഏവരെയും തുല്ല്യരാക്കുന്ന എന്റെ നാട്ടിലെ ആ മുപ്പത്തിയാറ് മണിക്കൂർ. അത് മുടങ്ങാതെ അനുഭവിക്കാൻ പറ്റണം എന്ന് വടക്കുംനാഥനോടു വരം ചോദിക്കാൻ റെഡിയായി നിൽക്കുന്ന ഒരുപാട് ചുള്ളൻമാരെനിക്കറിയാം.
എണ്ണിയാലൊടുങ്ങാത്ത വർണ്ണങ്ങളിൽ തീർക്കുന്ന കുടമാറ്റം നടക്കുന്നിടത്താണ് വെറും ഒറ്റ നിറത്തിലുള്ള കൊടികൾ. ക്ഷണിക്കാതെ പൂരം കൊള്ളാൻ വരുന്ന ലക്ഷണക്കിനു വരുന്ന ജനങ്ങൾക്ക് പകരം ഒരു നിറത്തിന്റെ കീഴിൽ ദിവസകൂലിക്കെടുത്തു എണ്ണം തികയ്ക്കാൻ വാടകക്കെടുക്കുന്ന അണികളും. ഇന്നും ഞാനറിയുന്ന തൃശ്ശൂർക്കാരെ ഒന്നിപ്പിക്കുന്ന ഒരു ഘടകം തൃശ്ശൂർ പൂരമാണ്. അത്തരത്തിൽ ഒരു ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സംഘടനയും ഞാനോ എനിക്കറിയുന്നവരോ കണ്ടിട്ടില്ലെന്നതാണ് ഒരു സത്യം. ഭിന്നിപ്പിക്കാനല്ലാതെ ഒന്നിപ്പിക്കാൻ ഇവരൊക്കെ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. സമ്മേളനങ്ങൾക്കല്ല ആഘോഷങ്ങൾക്കാണ് ജനങ്ങളെ ഒന്നിപ്പിക്കാനാവൂ.
ഒറ്റ നിറം എന്നത് ഇരുട്ടാണ്. കലയും സൗന്ദര്യവും പ്രകൃതിയും നിലനിന്നുപോകാൻ അനേകായിരം വർണങ്ങൾ വേണം. ആഘോശങ്ങളാണ് വേണ്ടത് സമ്മേളനങ്ങളല്ല. ഒറ്റ നിറത്തിന്റെ പേരിൽ തമ്മിലടിച്ചും വെട്ടുംകൊണ്ട് ചത്തുവീഴുന്നതിനേക്കാൾ നല്ലതല്ലേ നമുക്കായുള്ള അനേകായിരം വർണങ്ങൾ സംരക്ഷിച്ചു ആഘോഷങ്ങൾ ആവേശമായും ജീവിത ലഹരിയുമായി വരും തലമുറകൾക്കു കൂടി പകർന്നു കൊടുക്കാൻ കഴിയുന്നത്..
No comments:
Post a Comment