ഒരു പുഴ ഒഴുകുന്നത് എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം. അതിനെ പറ്റി എത്ര വേണമെങ്കിലും എഴുതാം, അളവറ്റ വർണ്ണനയേകാം. കഥകളിൽ മാത്രം കേട്ടിട്ടുള്ള ചില പുഴകൾക്കും നദികൾക്കും നാമൊക്കെ ഭാവനയിൽ ഒരു രൂപം കൊടുത്തു സ്നേഹിച്ചിട്ടുണ്ട്. അതിനുള്ളൊരുത്തമ ഉദാഹരണമാണ് ഭാരതപ്പുഴ.
നിളയെ സ്നേഹിക്കാൻ വ്യക്തിപരമായൊരു കാരണം എനിക്കുമുണ്ട്. ഇരുപത്തിരണ്ടു വർഷങ്ങളായി തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റെ കൽപടവിൽ അച്ഛന്റെ ശ്രാർദ്ധ ദിവസം ബലിയിട്ടു നിളയിൽ മുങ്ങുന്ന ഒരു പതിവുണ്ട്. പതിനൊന്നു വയസ്സ് തൊട്ട് ഞാൻ കാണുന്ന ആ നിള അപൂർണമാണ്. ഒഴുക്ക് എന്നതിലുപരി പിടിച്ചു നിർത്താൻ കാരണങ്ങളൊന്നുമില്ലാതെ ഓടി രക്ഷപെടുന്ന ഒരാളുടെ കിതപ്പായിരുന്നു അവൾക്ക്. കവി വർണിച്ച കൊലുസ്സിന്റെ കിലുക്കമോ ചിരിയോ ഒന്നും ഞാനോ എന്റെ സമപ്രായക്കാരോ കണ്ടതായി തോന്നുന്നില്ല. ഇന്ന് കേരളത്തിൽ രണ്ട് തലമുറകൾ ഉണ്ട്. ഭാരതപ്പുഴ തുഴഞ്ഞു കടന്നിരുന്ന കാലത്ത് ജനിച്ച ഭാഗ്യവാന്മാരും നടന്ന് കടക്കാവുന്ന കാലത്ത് ജനിച്ച നിർഭാഗ്യവാന്മാരും. നാളത്തെ കേരളം നിർഭാഗ്യവാന്മാരുടേതാണ്. വെള്ളത്തിന് വേണ്ടി പുഴ നടന്ന് കടക്കേണ്ടി വരുന്ന നിര്ഭാഗ്യവാന്മാരുടെ.
അങ്ങനെയിരിക്കെ ഈ വർഷം അപ്രതീക്ഷിത ശക്തിയാർജ്ജിച്ചു വന്ന കാലവർഷം ഒരു പുണ്യം ചെയ്തു. ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു എന്ന ഒരു പത്ര വാർത്തയായിരുന്നു അത്. പലരുടെയും വർത്തമാനങ്ങളിലും കവിതകളിലും സിനിമകളിലും മാത്രം കേട്ട് ഞാൻ ഭാവനയിൽ കണ്ട നിളയെ നേരിട്ടൊന്ന് കാണാൻ അമ്മയെയും കൂട്ടി ഒന്ന് പോയി. നാളിതുവരെ നിളയെ പറ്റി കേട്ടതും അറിഞ്ഞതുമൊക്കെ അവിടെ ചിലവഴിച്ച കുറച്ചു സമയത്തിൽ എന്നിലേക്കോടിവന്നു. ആദ്യം ഓർമ്മ വന്നത് ഞെരളത്ത് ഹരിഗോവിന്ദൻ പാടിയ "കര രണ്ടിലും മണ്ണ് കാലയാക്കി മാറ്റിയ, കാതരയാം പ്രാണപുണ്ണ്യാഹമേ" എന്ന വാരിയാണ്.. മനസ്സിൽ ഓർത്തത് അറിയാതെ ഞാനൊന്നേറ്റു പാടി..ശാശ്വതമായൊരു ഒരു കാഴ്ചയല്ല ഇതെന്ന തിരിച്ചറിവോടെ തന്നെ..
"എന്നാ പോയാലോ" എന്ന് അമ്മ ചോദിച്ചപ്പോൾ "ഞാനൊന്നു തൊട്ടിട്ടു വരാം" എന്നായിരുന്നു എന്റെ മറുപടി. ശാന്തിതീരം ശ്മശാനത്തിന്റെ അടുത്തുള്ള പടവുകൾ ഇറങ്ങി ചെന്ന് ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത രൂപത്തിലൊഴുകുന്ന നിളയെ ഒന്ന് തൊട്ടു. ചരിത്രപുസ്തകത്തിൽ നിന്നിറങ്ങി ഒരു സന്ദർശനം നടത്തി തിരിച്ചുപോകാൻ വന്ന ഒരാളെ കണ്ട മിശ്രാനുഭവത്തോടെ കിട്ടിയ ഒരു തൊട്ടറിവ്.
മഴയൊഴിഞ് നാല് ദിവസം വെയിലൊന്നുദിക്കും വരെ ആയുസുള്ള 209 കിലോമീറ്റർ ദൈർക്ക്യമുള്ള കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി! സംരക്ഷിക്കാനായി ഞാനൊന്നും ചെയ്യുന്നില്ല. പക്ഷെ ഉപദ്രവിക്കില്ല എന്നൊരു തീരുമാനം എനിക്കുണ്ട്. ഉപദ്രവങ്ങൾ ഇല്ലെങ്കിൽ തിരിച്ചു വരാവുന്ന ദൂരത്ത് പ്രകൃതി ഇപ്പോഴുമുണ്ട്. നിളയുടെ ഈ വരവും അതിന്റെ ഒരു ഓർമ്മപ്പെടുത്തലാണെങ്കിലോ....
"വന്ദേ നിളാ നദി ജീവപ്രദായിനി
മാമല നാടിന്റെ മാതൃസ്വരൂപമേ
കര രണ്ടിലും മണ്ണ് കാലിയാക്കി മാറിയ
കാതരയാം പ്രാണ പുണ്യാഹമേ"
Well written varun!!! Nila ye merittu kanda oru feeling.
ReplyDeleteThank you! :)
DeleteValare nannayi varnichirikunnu nilaye.....
ReplyDeletevery nice :)
ReplyDelete